തിരുവനന്തപുരം: സതീശൻ മന്ത്രിസഭ അധികാരമേറ്റതോടെ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളുടെ ക്രമീകരണത്തിൽ അന്തിമ തീരുമാനമായി. വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടേയും അഞ്ച് മന്ത്രിമാരുടേയും ഓഫീസുകളാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ഒരുക്കിയപ്പോൾ, രണ്ടാം നിലയിൽ കെ. മുരളീധരനും രമേശ് ചെന്നിത്തലക്കും ഓഫീസുകൾ അനുവദിച്ചു. ഒന്നാം നിലയിൽ മോൻസ് ജോസഫിനും ഷിബു ബേബി ജോണിനുമാണ് ഓഫീസുകൾ നൽകിയിരിക്കുന്നത്.
നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫിന്റെയും രണ്ടാം നിലയിൽ അനൂപ് ജേക്കബിന്റെയും ഓഫീസുകൾ പ്രവർത്തിക്കും. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിൽ സി.പി. ജോണിനും എ.പി. അനിൽകുമാറിനും ഓഫീസുകൾ അനുവദിച്ചിട്ടുണ്ട്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി. സിദ്ദിഖിനും മൂന്നാം നിലയിൽ കെ.എ. തുളസിക്കും ഓഫീസുകൾ സജ്ജമാക്കി.
സെക്രട്ടേറിയറ്റ് അനക്സ് കെട്ടിടങ്ങളിലും മന്ത്രിമാർക്കായി പ്രത്യേക ക്രമീകരണങ്ങൾ പൂർത്തിയായി. അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി എം. ജോണും അഞ്ചാം നിലയിൽ കെ.എം. ഷാജിയും ആറാം നിലയിൽ ഒ.ജെ. ജനീഷും ഓഫീസുകൾ ആരംഭിക്കും.
അനക്സ് രണ്ടിൽ ഒന്നാം നിലയിൽ എം. ലിജുവിനും രണ്ടാം നിലയിൽ വി.ഇ. അബ്ദുൽ ഗഫൂറിനും മൂന്നാം നിലയിൽ ബിന്ദു കൃഷ്ണയ്ക്കും ഓഫീസുകൾ അനുവദിച്ചു. അഞ്ചാം നില പി.കെ. ബഷീറിനും ആറാം നില പി.സി. വിഷ്ണുനാഥിനും ഏഴാം നില എൻ. ഷംസുദ്ദീനും നൽകി. പുതിയ ക്രമീകരണങ്ങളോടെ സെക്രട്ടേറിയറ്റിലെ ഭരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.






