കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ നാല് പേർ പിടിയിലായി. രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേരെയാണ് രാസലഹരിയായ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
വെണ്ണല പുനത്തി റോഡിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് 4.48 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ മരട് തോമസ്‌പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ വീട്ടിൽ ബിനു മോഹനൻ (32), പനങ്ങാട് മാടവന തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (24), ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കേതിൽ വീട്ടിൽ പാർവ്വതി വി. (25) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.
ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.


