കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്തോ സ്ഥാപനത്തിന്റെ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ യാതൊരു നടപടികളിലും പങ്കാളികളായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തീരുമാനിച്ചതോടെയാണ് പുതിയ നിക്ഷേപകരെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. കഴിഞ്ഞ സീസണിൽ മാത്രം ക്ലബിന് ഏകദേശം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.
ക്ലബ് വിൽപ്പനയ്ക്കായി 150 കോടി രൂപയാണ് മാഗ്നം സ്പോർട്സ് ആവശ്യപ്പെട്ടതെങ്കിലും ഈ തുക നൽകാൻ നിലവിൽ ആരും തയ്യാറായിട്ടില്ലെന്നാണ് സൂചന. ഇതിനിടെയാണ് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് രംഗത്തെത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശ മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ക്ലബിന്റെ ഭാവി നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.




