സാൻ ഡിയാഗോ: സാൻ ഡിയാഗോയിലുള്ള ഇസ്ലാമിക കേന്ദ്രത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളിയും മതപാഠശാലയും പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് ആക്രമണം നടന്നത്. വർഗീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവർ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്. പ്രതികൾക്ക് 17, 19 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം.
ഇസ്ലാമിക കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വ്യക്തമാകുന്നതിനാൽ വർഗീയ വിദ്വേഷക്കുറ്റമായി കണക്കാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മൂന്ന് പേരും മുതിർന്നവരാണ്. മതപാഠശാലയിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്കേറ്റിട്ടില്ല.
മുസ്ലിംകൾക്കും മുസ്ലിം അല്ലാത്തവർക്കും ഒരുമിച്ച് പ്രാർഥിക്കാനും പഠിക്കാനുമുള്ള ഇടമാണ് ഈ കേന്ദ്രമെന്ന് പള്ളി ഇമാം താഹ ഹസ്സൻ പറഞ്ഞു. ആരാധനാലയങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അതീവ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിൽ വർഗീയ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് മേയർ ടോഡ് ഗ്ലോറിയ പ്രതികരിച്ചു. മുസ്ലിം സമൂഹത്തിന് പൂർണ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് അതീവ ഭയാനകമായ സംഭവമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കോൺഗ്രസ് അംഗം സാറാ ജേക്കബ്സും കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം അടക്കമുള്ള നേതാക്കളും ആക്രമണത്തെ ശക്തമായി അപലപിച്ചു. പ്രാദേശിക പൊലീസിനൊപ്പം ഫെഡറൽ അന്വേഷണ സംഘവും കേസിൽ അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന് ന്യൂയോർക്കിലെ പ്രധാന പള്ളികൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.






