അസമിലെ പ്രശസ്തമായ മനാസ് ദേശീയോദ്യാനത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജംഗിൾ സഫാരിക്കിടെ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാണ്ടാമൃഗം ആക്രമണം നടത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
പാർക്കിലെ പതിവ് സഫാരിക്കിടെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തേക്ക് കാണ്ടാമൃഗം പെട്ടെന്ന് എത്തി ആക്രമിക്കുകയായിരുന്നു. പിന്നാലെ തന്റെ കൊമ്പ് ഉപയോഗിച്ച് ജീപ്പിനെ തള്ളാനും മറിക്കാനും ശ്രമിച്ചു. ആക്രമണത്തിൽ ജീപ്പ് ശക്തമായി കുലുങ്ങുകയും ജീപ്പിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ ഭയന്ന് നിലവിളിക്കുകയും ചെയ്തു.
‘അലി ആസിഫ് എസ്‌കെ ഒഫീഷ്യൽ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ വൈറലായതോടെ വന്യജീവി സുരക്ഷയും സഫാരി നിയമങ്ങളും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സഫാരി സംഘാടകരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് പലരും ആരോപിക്കുന്നത്. ജീപ്പ് കാണ്ടാമൃഗത്തിന് വളരെ അടുത്തേക്ക് കൊണ്ടുപോയതാണ് മൃഗത്തെ പ്രകോപിപ്പിച്ചതെന്നാണ് വിമർശനം. ഡ്രൈവർക്കും ടൂർ ഗൈഡിനുമെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇന്ത്യൻ കാണ്ടാമൃഗങ്ങൾ സ്വന്തം പ്രദേശം സംരക്ഷിക്കുന്ന സ്വഭാവമുള്ളവയാണെന്നും അവയിൽ നിന്ന് സുരക്ഷിത അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. വന്യജീവികളുടെ സ്വൈര്യവിഹാരത്തെ ബാധിക്കുന്ന തരത്തിൽ സഫാരി വാഹനങ്ങൾ അടുത്തേക്ക് പോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.






