മലപ്പുറം: നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും വിമർശനങ്ങൾ ഉയരാനാണ് യോഗം ചേരുന്നതെന്നും സിപിഎം നേതാവ് എം സ്വരാജ്. വിമർശനങ്ങൾ ഉയരുമ്പോൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
തോൽവി വിലയിരുത്തലിനായി ചേർന്ന യോഗത്തിൽ പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ല. പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നതെന്നും വാർത്തകളെ ഗൗരവമായി കാണുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു. യുഡിഎഫ് മന്ത്രിസഭ തീരുമാനങ്ങളോടും സ്വരാജ് പ്രതികരിച്ചു. ഒരു ഗവൺമെന്റ് വരുമ്പോൾ ജനങ്ങളുടെ ഇഷ്ടം നേടുന്ന തീരുമാനങ്ങളാണ് ആദ്യം എടുക്കുക.
വലതുപക്ഷത്തിന് സമൂഹത്തിൽ ഒരു പ്രിവിലേജ് ഉണ്ട്. കോൺഗ്രസ് എന്തു തെറ്റ് ചെയ്താലും അത് കോൺഗ്രസ് അല്ലേ എന്നു പറയും. നേരിയ ഒരു പിശക് പോലും ഇടതുപക്ഷത്തിന് സംഭവിക്കരുത് എന്ന വാശിയുമാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ബന്ധു ആയിപോയി എന്ന കാരണം കൊണ്ട് മുഹമ്മദ് റിയാസിനെതിരെ വിമർശങ്ങൾ ഉണ്ടായി. പക്ഷേ കോൺഗ്രസിനെതിരെ അങ്ങനെ ഉണ്ടാവുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.






