ബെംഗളൂരു: കർണാടകയിലെ കുടഗിലെ ദുബാരെ ആനത്താവളത്തിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാരി മരിച്ച സംഭവത്തെ തുടർന്ന് രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ആനകൾ ഏറ്റുമുട്ടുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ചെന്നൈ സ്വദേശിനിയായ തുളസി (33) മരിച്ചത്. ഇന്നലെ നടന്ന സംഭവത്തിൽ, ആനകളെ കുളിപ്പിക്കുന്നതിനിടെ അവ തമ്മിൽ കൊമ്പുകോർത്തു. ഇതിനിടെ ഒരു ആന മറിഞ്ഞുവീണ് തുളസിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കുത്തേറ്റ ആനയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പിന്നാലെ വിനോദസഞ്ചാരികളെ ആനകളിൽ നിന്ന് സുരക്ഷിത അകലം പാലിച്ച് നിർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.






