ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടനെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ബിജെപി എംപിയുടെ അവകാശവാദം. നിസാമാബാദ് എംപി ധര്‍മപുരി അരവിന്ദ് ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ സുവേന്ദു അധികാരിയുടെ മാതൃക രേവന്ത് റെഡ്ഡിയും പിന്തുടരുമെന്നാണ് അരവിന്ദ് പറഞ്ഞത്.
ആറ് വര്‍ഷം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെപ്പോലെ രേവന്ത് റെഡ്ഡിയും രാഷ്ട്രീയ ചേരി മാറിയേക്കാം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഈ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തെറ്റുപറ്റിയതായും അടുത്ത തവണ തകര്‍ന്ന് തരിപ്പണമാവുമെന്നും ധര്‍മപുരി അരവിന്ദ് കൂട്ടിച്ചേര്‍ത്തു.






