മദീന: ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി സ്വകാര്യ ഗ്രൂപ്പുകൾ വഴി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർഥാടകർ മദീനയിൽ നിര്യാതരായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68), എറണാകുളം പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു (72) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ താമസക്കാരനായ മുഹമ്മദ് ബക്കർ മുഹമ്മദ് സലീമിന് മദീന സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് മദീനയിലെ അൽ സലാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മുഹമ്മദ് ബേ0ക്കറും ആയിഷ ബീഗവും മാതാപിതാക്കളാണ്. സീനത്ത് ബീവിയാണ് ഭാര്യ.
മദീനയിൽ മരണമടഞ്ഞ മുഹമ്മദ് കുഞ്ഞുവിന്റെയും മുഹമ്മദ് ബക്കറിന്റെയും ഭൗതികശരീരങ്ങൾ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മരണാനന്തര നടപടിക്രമങ്ങൾക്കും ഖബറടക്കത്തിനുമായി മദീന കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ആശുപത്രി അധികൃതരുമായും മറ്റ് ഔദ്യോഗിക വകുപ്പുകളുമായും സഹകരിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.






