തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കപ്പെടുക എന്നത് ജനാധിപത്യപരമാണെങ്കിലും ചിലപ്പോൾ അവ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകും. അത്തരത്തിലൊരു തീക്കൊള്ളിയെടുത്ത് പുറം ചൊറിയാൻ തയ്യാറായി നിൽക്കുകയാണ് വിഡി സതീശൻ സർക്കാർ. ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനത്തിനു പിറകെ, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ആശങ്കകളുയരുന്നു. ദിവസേന യാത്ര ചെയ്യുന്നവരിൽ 60 ശതമാനത്തിലേറെ സ്ത്രീകളുള്ള കെഎസ്ആർടിയുടെ വരുമാനത്തെയും അതുവഴി ഖജനാവിനേയും പദ്ധതി പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ഒപ്പം വേറൊരു രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. സ്ത്രീകൾക്ക് സൗജന്യയാത്ര’ എന്ന നയം സ്ത്രീകളെ സന്തോഷിപ്പിക്കുന്നുണ്ടാകാം. എന്നാൽ, ‘പുരുഷന്മാരും മനുഷ്യരാണ്’ എന്ന ലളിതമായ യാഥാർത്ഥ്യം ഭരണാധികാരികൾ മറന്നുപോയോ എന്ന ചോദ്യവും അങ്ങിങ്ങായി ഉയരുന്നുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ പേരുപറഞ്ഞ് സമൂഹത്തിലെ പകുതിയോളം വരുന്ന പുരുഷന്മാരുടെ സാമ്പത്തിക പ്രതിസന്ധികളെയും ജീവിത യാഥാർത്ഥ്യങ്ങളെയും പൂർണ്ണമായി തള്ളിക്കളയുന്ന ഈ നയം ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും നിരക്കാത്തതാണെന്ന അഭിപ്രായം പങ്കുവെക്കുന്നവരും കുറവല്ല. പുതിയ കാലഘട്ടത്തിൽ എല്ലാവർക്കും തുല്യ അവസരമുണ്ടെന്നിരിക്കെ ഇങ്ങനെയൊരു തീരുമാനങ്ങളുടെ ലോജിക്കും ചോദ്യചിഹ്നമാണ്.
ലിംഗസമത്വം എന്നത് ഇരുവിഭാഗത്തിനും തുല്യമായ അവകാശങ്ങളും അവസരങ്ങളും നൽകലാണെന്നിരിക്കെ, ഒരു വിഭാഗത്തിന് മാത്രം അമിതമായ പ്രിവിലേജ് നൽകുന്നത് യഥാർത്ഥത്തിൽ ‘വിപരീത വിവേചനമാണ്’സൃഷ്ടിക്കുന്നത്.
എന്തായാലും തൽക്കാലം പുരുഷന്മാരുടെ ആവശ്യത്തെ മാറ്റിവെക്കാം. ഈ തീരുമാനം ഉണ്ടാക്കുന്ന ആഘാതങ്ങൾ നമുക്ക് പരിശോധിക്കാം. സർക്കാർ പ്രഖ്യാപനത്തിനു പിറകേ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു വ്യവസയാത്തെ മൊത്തത്തിൽ ഇല്ലാതാക്കുന്ന തീരുമാനമായേക്കാം ഇതെന്നാണ് മുന്നറിയിപ്പ്.
കണക്കുപിഴക്കുമോ കെഎസ്ആർടിസിക്ക്?
കേരളത്തിലെ ബസ് യാത്രക്കാരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ പറയുന്നത്. കെഎസ്ആർടിസിയിൽ 24 മുതൽ 26 ലക്ഷം വരെ ആളുകളാണ് യാത്ര ചെയ്യുന്നത്. അതിൽ 19 ലക്ഷം സ്ത്രീകളാണെന്നും അവർ അവകാശപ്പടുന്നു. സൗജന്യയാത്ര നടപ്പിലായാൽ ആകെ വരുമാനത്തിന്റെ വലിയൊരുപങ്ക് നഷ്ടമാകും. സ്ഥാനത്തെ ആകെ പൊതുഗതാഗത ശേഷിയിൽ 30 ശതമാനത്തിൽ താഴെമാത്രമാണ് കെഎസ്ആർടിസിയുടെ സംഭാവന. സൗജന്യയാത്ര നടപ്പിലാക്കുന്നതോടെ സ്ത്രീകൾ മുഴുവൻ കെഎസ്ആർടിസിയെ ആശ്രയിക്കാൻ തുടങ്ങുകയും സ്വകാര്യ സർവീസുകൾ നഷ്ടത്തിലാവുകയും ചെയ്യും.
നിലവിൽ ഒരു ദിവസം കെഎസ്ആർടിസിയുടെ വരുമാനം 7 മുതൽ 9 കോടിവ രെയാണ്. ആകെ യാത്രക്കാരിൽ 40-50 ശതമാനവും സ്ത്രീകളാണെന്നിരിക്കെ വരുമാനത്തിൽ ഉണ്ടാകാൻ പോകുന്നത് കനത്ത ഇടിവായിരിക്കും. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലായാൽ സംസ്ഥാനത്തിന് ഉണ്ടാകാൻ പോകുന്നത് 3.5 കോടിയുടെ നഷ്ടമാണ്. സൗജന്യയാത്ര നടപ്പിലാകുന്നതോടെ നിലവിൽ സ്വകാര്യ സർവീസുകളെ ആശ്രയിക്കുന്ന സ്ത്രീകളും കെഎസ്ആർടിസിയിലേക്കു മാറുന്ന സാഹചര്യമുണ്ടായാൽ രണ്ട് കൂട്ടർക്കും പ്രത്യേകിച്ച് ഗുണമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ഇപ്പോൾ തന്നെ ശമ്പളം നൽകുന്നത് സർക്കാർ സഹായം കൊണ്ടാണ്.
അയൽ സംസ്ഥാനങ്ങളായ കർണാടകയിലെയും തമിഴ്‌നാട്ടിലേയും സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ലോജിക് ആവില്ല. അവിടെ പൊതുഗതാഗത സംവിധാനങ്ങൾ ഭൂരിഭാഗവും സർക്കാർ നിയന്ത്രണത്തിലാണെന്നും സ്വകാര്യ ബസുകളുടെ വിഹിതം കുറവാണെന്നും സൗജന്യയാത്ര എല്ലാ സർവീസുകളിലും ലഭ്യമല്ലെന്നും മനസിലാക്കണം.
കർണാടക മോഡലിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണു സൂചന. സ്പെഷ്യൽ ക്ലാസ് ബസുകളിൽ ഇത് നടപ്പിലാക്കിയേക്കില്ല. ഓർഡിനറി മുതൽ ഫാസ്റ്റ് പാസഞ്ചർ വരേയോ അല്ലെങ്കിൽ ഇത്ര കിലോമീറ്റർ ദൂരത്തിനോ അതുമല്ലെങ്കിൽ ചില പ്രത്യേക സമയത്തോ ഒക്കെയായി നിയന്ത്രണങ്ങളുണ്ടാകുമെന്നുറപ്പ്. 2023 ജൂൺ 11 മുതൽ 2025 ജൂൺ വരെയുള്ള കണക്കനുസരിച്ച് 474 കോടി സ്ത്രീകളാണ് കർണാടകയിൽ സൗകര്യം ഉപയോഗപ്പെടുത്തിയത്. ബംഗളൂരുവിൽ 24 ലക്ഷം സൗജന്യയാത്രക്കാരുമുണ്ട്. ഇത് പ്രതിദിനം 11 കോടിയോളം നഷ്ടമാണ്. ഓർഡിനറി, അർബൻ ട്രാൻസ്‌പോർട്ട്, എക്‌സ്പ്രസ് ബസുകളിൽ നടപ്പാക്കിയ പദ്ധതി മൂലം പ്രതിദിനം 11 കോടിയോളം നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാക്കിയതെന്നാണ് കണക്ക്.
ഗതാഗത മന്ത്രി ചുമതലയേറ്റശേഷം ഇതുവരെയുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും മന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച ചെയ്താവും അന്തിമ തീരുമാനം എടുക്കുക. നിലവിൽ ശമ്പളത്തിനും പെൻഷനുമായി നൂറുകോടിയോളം രൂപ സർക്കാർ മിക്ക മാസങ്ങളിലും കെഎസ്ആർടിസിക്കു നൽകുന്നുണ്ട്. പ്രതിദിനം 3 കോടിയുടെ ബാധ്യത വന്നാൽ പോലും സൗജന്യ യാത്രയ്ക്കായി 90 കോടി കൂടി അധികം നൽകേണ്ടി വരും. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാലും പ്രതിദിനം 90 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാകും. തിരുവനന്തപുരത്തു നിന്നു കൊല്ലം വരെ ഓർഡിനറി ബസുകൾ ഓടുന്നുണ്ട്. ഇത്രയും ദൂരം ഓടുന്ന മറ്റ് ഓർഡിനറി സർവീസുകളുമുണ്ട്.
കർണാടകയിൽ പദ്ധതി നടപ്പാക്കിയത് വലിയ തിരിച്ചടിയായിരുന്നുവെന്ന് മുൻ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാറും പറഞ്ഞിരുന്നു. അത്തരമൊരു ദുരന്തം ഇവിടേയും കാത്തിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഗണേഷ് കുമാർ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ ഉണ്ടാകും. എന്തായാലും കേവലം വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ലിംഗാടിസ്ഥാനത്തിൽ മാത്രം ആനുകൂല്യങ്ങൾ വിഭജിക്കുന്നത് വരും കാലത്ത് ചോദ്യം ചെയ്യപ്പെടുമെന്നുറപ്പ്.






