ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി 2026 ൽ പങ്കെടുക്കാനാണ് പുടിൻ എത്തുന്നത്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. 2025 ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
പുതിന്റെ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ത്യ സന്ദർശിച്ചിരുന്നു. മെയ് 14, 15 തീയതികളിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അധ്യക്ഷനായ ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും പ്രതിരോധ ബന്ധവും കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിന്റെ സന്ദർശനത്തെ വിലയിരുത്തുന്നത്. പ്രതിരോധ മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലോകസുരക്ഷാ വെല്ലുവിളികൾ, ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തൽ, വിവിധ ശക്തികേന്ദ്രങ്ങൾ അടങ്ങിയ ലോകക്രമം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാകും ഉച്ചകോടിയിലെ പ്രധാന ചർച്ചകൾ. ഇറാൻ-യു.എസ് സംഘർഷവും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന.






