തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തിന് പിന്നാലെ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിലും ഉടലെയുത്ത തര്‍ക്കങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക മന്ദിരങ്ങള്‍ അനുവദിച്ച് അന്തിമ ഉത്തരവിറക്കിയത്. മുന്‍പ് പല പ്രമുഖ വസതികള്‍ക്കായും ഒന്നിലധികം മന്ത്രിമാര്‍ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയിലെത്തുകയായിരുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവ് അനുവദിച്ചു. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനാണ് ലഭിച്ചത്.
പ്രമുഖ നേതാക്കളുടെ വസതികള്‍
കോണ്‍ഗ്രസ് മന്ത്രിമാരില്‍ കെ. മുരളീധരന് ‘സാനഡു’ ബംഗ്ലാവും, എ.പി. അനില്‍കുമാറിന് ‘കാവേരി’യും, പി.സി. വിഷ്ണുനാഥിന് ‘നിള’യും അനുവദിച്ചു. എം. ലിജുവിന് ‘അജന്ത’, റോജി എം. ജോണിന് ‘ഗ്രേസ്’, ടി. സിദ്ധിഖിന് ‘ഗംഗ’, കെ.എ. തുളസിക്ക് ‘പ്രശാന്ത്’, ബിന്ദു കൃഷ്ണയ്ക്ക് ‘തൈക്കാട് ഹൗസ്’ എന്നിവയാണ് ലഭിച്ചത്. ഒ.ജെ. ജനീഷിന് ‘മന്‍മോഹന്‍ ബംഗ്ലാവ്’ ഔദ്യോഗിക വസതിയായി നിശ്ചയിച്ചു.
ലീഗ് മന്ത്രിമാരില്‍ പ്രമുഖനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’ മന്ദിരമാണ് അനുവദിച്ചിട്ടുള്ളത്. എന്‍. ഷംസുദീന് ‘നെസ്റ്റ്’, കെ.എം. ഷാജിക്ക് ‘പൗര്‍ണ്ണമി’, പി.കെ. ബഷീറിന് ‘ഉഷസ്’ എന്നിവയും അനുവദിച്ചു.






