ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വത്തിനുമെതിരെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പ്രവർത്തിച്ചുവെന്നും ആളുകളിൽ അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലാണ് പ്രതികരണങ്ങൾ നടത്തിയതെന്നും യോഗത്തിൽ ആരോപിച്ചു. ഇടതുപക്ഷ നേതാക്കളുടെ ശരീരഭാഷയും സമീപനവും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതായും വിലയിരുത്തലുണ്ടായി.
ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് തിരിച്ചടിയായെന്നും യോഗം അഭിപ്രായപ്പെട്ടു. പരിഹാരം കണ്ടതായി ആവർത്തിച്ചെങ്കിലും ജനങ്ങൾ അത് അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. യുഡിഎഫ് ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയതായും യോഗത്തിൽ വിലയിരുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.വി. ഗോവിന്ദന്റെ പ്രസംഗങ്ങൾ പാർട്ടി ക്ലാസുകളായി മാറിയതായും വിമർശനം ഉയർന്നു. പീരുമേട്ടിലെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലും സംഘടനാ പ്രവർത്തനത്തിലും വീഴ്ചകളുണ്ടായതായി യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച ജോസ് ഫിലിപ്പ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും വിമർശനം ഉണ്ടായി. എതിർ സ്ഥാനാർത്ഥിയെ സഹായിക്കുന്ന നിലപാടുണ്ടായോയെന്നും ചോദ്യം ഉയർന്നു.
അതേസമയം, യാത്രയ്ക്കായി വാഹന സൗകര്യം പോലും ലഭിച്ചില്ലെന്നു ജോസ് ഫിലിപ്പ് മറുപടി നൽകി. മുൻ എംഎൽഎ ഇ.എസ്. ബിജിമോളുടെ പ്രവർത്തനവും കാര്യക്ഷമമല്ലായിരുന്നുവെന്നും വിലയിരുത്തി. സംസ്ഥാനത്ത് ഉണ്ടായ ഇടതു വിരുദ്ധ തരംഗം പീരുമേട്ടിൽ തിരിച്ചടിയായതായും യോഗം അഭിപ്രായപ്പെട്ടു.
അതേസമയം, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെയുംതിരെ സമാനമായ വിമർശനങ്ങൾ ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്നും സാധാരണക്കാർക്ക് സ്വീകരിക്കാനാകാത്ത ശരീരഭാഷയാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
പാർട്ടി പ്രവർത്തകന്റെ സെൽഫി പോലും മുഖ്യമന്ത്രി തടഞ്ഞുവെന്ന ആരോപണവും ഉയർന്നു. പ്രായപരിധിയിൽ മുഖ്യമന്ത്രിക്ക് മാത്രം ഇളവ് നൽകിയതിനെക്കുറിച്ചും സെക്രട്ടേറിയറ്റിൽ ചർച്ചയായതായി റിപ്പോർട്ടുണ്ട്.






