മലപ്പുറം: ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം എസ് പിയാണ് നടപടി സ്വീകരിച്ചത്.
40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരിൽ പിടിയിലായ പ്രതികളുമായി ഗോവിന്ദ് രാജിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും കൊണ്ടോട്ടി എഎസ്പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് മലപ്പുറം എസ് പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ കരിപ്പൂർ സ്റ്റേഷനിലെ സിപിഒ ധനേഷിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.






