ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന മന്ത്രിസഭയിൽ ചേരാൻ സഖ്യകക്ഷികളോട് അഭ്യർഥിച്ച് ഭരണകക്ഷിയായ ടിവികെ. പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കളും പാർട്ടികളും സർക്കാരിനൊപ്പം സഹകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി.
ഇടതുപാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും ആധവ് അർജുന പറഞ്ഞു. സർക്കാർ മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോൽ. തിരുമാവളവൻ നയിക്കുന്ന വിടുതലൈ ചിരുതൈകൾ കച്ചിക്കും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനും മന്ത്രിസഭയിൽ ചേരാൻ ക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസും മറ്റ് സഖ്യകക്ഷികളും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് ടിവികെയുടെ ആഗ്രഹമെന്നും മന്ത്രിസഭ ഒരു കുടുംബം പോലെ പ്രവർത്തിക്കണമെന്നാണ് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നതെന്നും ആധവ് അർജുന പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് സഖ്യകക്ഷികൾ ഉടൻ യോഗം ചേർന്ന് തീരുമാനം സർക്കാരിനെ അറിയിക്കുമെന്നുമാണ് വിവരം.






