ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണങ്ങളുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെച്ചൊല്ലിയാണ് രാഹുലിന്റെ വിമർശനം. സാധാരണ ജനങ്ങളോട് വിദേശയാത്ര ഒഴിവാക്കാൻ ആവശ്യപ്പെടുമ്പോൾ പ്രധാനമന്ത്രി തന്നെ വിദേശ പര്യടനങ്ങൾ തുടരുകയാണെന്ന് രാഹുൽ ആരോപിച്ചു.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വരും മാസങ്ങളിൽ വിലക്കയറ്റവും ഇന്ധനവിലയും കുത്തനെ ഉയരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ഗണ്യമായി വർധിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ വിമർശിച്ചു. ആർഎസ്എസ് പ്രവർത്തകരെ ഉദ്ദേശിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും രാഹുൽ വിമർശിച്ചത്. രാജ്യത്തെ വിറ്റുതുലയ്ക്കാൻ പ്രവർത്തിച്ചവരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു.
വിലകൂടിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള പ്രധാനമന്ത്രിയുടെ വിദേശയാത്രകളെയും രാഹുൽ ചോദ്യം ചെയ്തു. ജനങ്ങളോട് ചെലവ് ചുരുക്കാനും വിദേശയാത്ര ഒഴിവാക്കാനും ആവശ്യപ്പെടുന്ന പ്രധാനമന്ത്രി തന്നെ കോടികൾ ചെലവഴിച്ച് വിദേശയാത്ര നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് വിരുദ്ധ സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും രാഹുൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ആഗോള അസ്ഥിരതയും ചൂണ്ടിക്കാട്ടി ജനങ്ങളോട് ചെലവുകൾ കുറയ്ക്കാൻ സർക്കാർ നടത്തിയ അഭ്യർഥനകളെയും രാഹുൽ പരാമർശിച്ചു. കോവിഡ് കാലത്തും നോട്ടുനിരോധന സമയത്തും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളെയും അദ്ദേഹം വിമർശനവിധേയമാക്കി.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. കോൺഗ്രസ് സ്നേഹത്തിന്റെ രാഷ്ട്രീയം പറയുമ്പോഴും പ്രധാനമന്ത്രി മോദിയെ നിരന്തരം അപമാനിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. ഒബിസി പശ്ചാത്തലത്തിൽ നിന്നുള്ള ആളായതിനാലാണ് കോൺഗ്രസ് മോദിയെ ബഹുമാനിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.






