ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ആരോഗ്യവകുപ്പിനായി പുതിയ വാഹനങ്ങൾ പുറത്തിറക്കി. സെക്രട്ടേറിയറ്റിൽ ബുധനാഴ്ച നടന്ന ചടങ്ങിലാണ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചത്. ചടങ്ങിനിടെ മുഖ്യമന്ത്രി മഹീന്ദ്ര ബൊലേറോ വാഹനം സ്വയം ഓടിച്ചു. വാഹനത്തിന്റെ ഡ്രൈവർ അദ്ദേഹത്തിന്റെ സമീപ സീറ്റിലിരുന്നു. സെക്രട്ടേറിയറ്റ് ക്യാമ്പസിനുചുറ്റും വാഹനം ഓടിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ആരോഗ്യവകുപ്പിനായി 2.9 കോടി രൂപ ചെലവിൽ 40 പുതിയ വാഹനങ്ങളാണ് സർക്കാർ ഒരുക്കിയത്. ഗ്രാമവികസന പ്രവർത്തനങ്ങൾക്കും മെഡിക്കൽ സേവനങ്ങൾക്കും വേണ്ടിയാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുക. ഫ്‌ളാഗ് ഓഫ് ചടങ്ങിന് ശേഷം പുതിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറുകയും ചെയ്തു.






