ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവരാണ് വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാധിനിധ്യം ഉണ്ടായിരുന്നില്ല. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ് രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി വിശ്വനാഥ്.
ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. മന്ത്രിസഭയിൽ അംഗമാകുന്ന കോൺഗ്രസ് എംഎൽഎമാർക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു രംഗത്തെത്തിയിരുന്നു. മെയ് 10ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടിവികെ നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.






