കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി. ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് ഇത്തരം ജോലികൾ അനുവദിക്കില്ലെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു.
തൊഴിൽ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ–3 നടപ്പാക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമി വ്യക്തമാക്കി. തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, പ്രഥമ ശുശ്രൂഷ സൗകര്യങ്ങൾ, തണലുള്ള വിശ്രമ കേന്ദ്രങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും തൊഴിലുടമകൾക്ക് നിർദേശം നൽകി.
നിയമപരമായ ജോലിസമയങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ക്രമീകരണങ്ങൾ നടപ്പാക്കേണ്ടതെന്നും അധികൃതർ അറിയിച്ചു. അതേസമയം, മാറ്റിവയ്ക്കാൻ കഴിയാത്ത അടിയന്തര ജോലികൾക്ക് പ്രത്യേക അനുമതിയോടെ ഇളവ് നൽകും. ലേബർ ഇൻസ്‌പെക്ഷൻ വകുപ്പിന്റെ മുൻകൂർ അനുമതിയും സുരക്ഷാമാനദണ്ഡങ്ങളുടെ കർശന പാലനവും ഇതിനായി നിർബന്ധമാണ്.
അടിയന്തര അറ്റകുറ്റപ്പണികൾ, പൊതുസേവന പ്രവർത്തനങ്ങൾ, പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയ്ക്കാണ് ഇളവ് ബാധകമാകുക. അതുപോലെ തന്നെ അത്യന്തം കാലാവസ്ഥാ പ്രതിസന്ധികളിൽ തുറസ്സായ ജോലികൾ പൂർണമായും നിരോധിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.






