മുംബൈ: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഡോക്ടറെ സിബിഐ കസ്റ്റഡിയിലെടുത്തു. ലാത്തൂർ സ്വദേശിയായ ശിശുരോഗ വിദഗ്ധൻ മനോജ് ഷിരോളിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ലാത്തൂരിലെ ഓൾഡ് ഔസ റോഡിലുള്ള അദ്ദേഹത്തിന്റെ വീടും ക്ലിനിക്കും റെയ്ഡ് ചെയ്തതിനെ തുടർന്നാണ് നടപടി. കൂടുതൽ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ പുണെയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചാ ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇടനിലക്കാരുമായുള്ള ബന്ധവും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിലെ കോച്ചിംഗ്–അഡ്മിഷൻ നെറ്റ്‌വർക്കിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിൽ ഡോക്ടറുടെ പങ്ക് ഉണ്ടോയെന്നതും സിബിഐ പരിശോധിക്കുന്നു.
ഇതിനുമുമ്പ് അറസ്റ്റിലായ കോച്ചിംഗ് സെന്റർ ഉടമ ശിവ്‌രാജിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സിബിഐ ചോദ്യം ചെയ്തിരുന്നു. പരീക്ഷയ്ക്ക് ഏകദേശം 10 ദിവസം മുമ്പ്, ഏപ്രിൽ 23-ന്, കെമിസ്ട്രി ചോദ്യപേപ്പറും ഉത്തരങ്ങളും ശിവ്‌രാജിന് ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇയാളുടെ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ശിവ്‌രാജിന്റെ മകനും പരീക്ഷ എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്.
എൻടിഎ ഉദ്യോഗസ്ഥർ മുതൽ പ്രാദേശിക കോച്ചിംഗ് സെന്റർ ഉടമകളും ഇടനിലക്കാരും വരെ ഉൾപ്പെട്ട വലിയൊരു സംഘടിത ശൃംഖലയാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നാണ് സിബിഐയുടെ വിലയിരുത്തൽ. പരീക്ഷയ്ക്ക് മുമ്പേ തന്നെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തി ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ചോദ്യപേപ്പർ കൈമാറ്റം നടന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.






