പാലക്കാട്: പാലക്കാട് എക്സൈസ് വകുപ്പിൽ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി. എട്ട് വനിതാ ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെടുന്നു. സ്ഥലംമാറ്റ നടപടിയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശപ്രകാരമാണ് നടപടിയെന്നാണ് ആരോപണം.
ചെക്ക്പോസ്റ്റുകൾ ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലാവധി രണ്ട് വർഷമായി സർക്കാർ നിശ്ചയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് മാത്രം സ്ഥലംമാറ്റം ലഭിച്ച ചിലരെ വീണ്ടും മാറ്റിയതായും അവർ പറയുന്നു. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷനിലെ ഇടത് അനുകൂല സംഘടന ഭാരവാഹികളെയും ചട്ടങ്ങൾ ലംഘിച്ചാണ് മാറ്റിയതെന്നാണ് ആരോപണം. സംഭവത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.






