കൊച്ചി: മോഡലിംഗ്-സെക്‌സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ബിലാൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച മുഖ്യകണ്ണിയെന്ന് പൊലീസ്. കേസിൽ പിടിയിലായ സിന്ധുവിനെ ബിലാൽ പരിചയപ്പെട്ടത് ദുബൈയിൽ വെച്ചാണെന്നും, ബിലാലിന്റെ നിർദേശപ്രകാരമാണ് സിന്ധു യുവതികൾക്ക് വിസ എടുത്തുനൽകിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ദുബൈയിൽ പല പേരുകളിലാണ് ബിലാൽ അറിയപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങളും കണ്ടെത്തി.
മോഡലിംഗ് രംഗത്തെ യുവതികളുടെ ചിത്രങ്ങൾ ശേഖരിച്ച് കൈമാറാൻ ടെലഗ്രാം ഗ്രൂപ്പുകളും സംഘം ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ ബിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ ബിലാൽ, ശ്രീകുമാർ അടക്കമുള്ള വ്യത്യസ്ത പേരുകളിലാണ് പ്രവർത്തിച്ചിരുന്നത്. മാവേലിക്കരയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ദുബൈയിൽ ഫാഷൻ ഷോകളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി മലയാളി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയ ശേഷം സെക്‌സ് റാക്കറ്റിൽ കുടുക്കുകയായിരുന്നുവെന്നാണ് കേസ്. മാസങ്ങളോളം ലഹരിമരുന്ന് നൽകി യുവതികളെ പീഡിപ്പിച്ചുവെന്നും അന്വേഷണ സംഘം പറയുന്നു.
കേസിലെ ഒന്നാം പ്രതിയായ സിന്ധു, യുവതികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് വിലപേശൽ നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ചാറ്റ് സ്ക്രീൻഷോട്ടുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മോഡലിംഗിന്റെ മറവിൽ യുവതികളെ സെക്‌സ് റാക്കറ്റിലേക്ക് എത്തിച്ച കേസിൽ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂട്ടബലാത്സംഗ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിലുണ്ട്. സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സിന്ധു.






