കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10 വർഷമായി പാണ്ഡ്യാലമുക്കിലെ വീട്ടിന് മുന്നിൽ പൊലീസ് കാവൽ നിലനിൽക്കുകയാണ്. വെയിലും മഴയും വകവയ്ക്കാതെ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്. വീടിന് മുന്നിൽ ഒരു ജീപ്പും പൊലീസുകാരും സ്ഥിരമായി കാവലുണ്ട്.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ശുചിമുറി സൗകര്യം പോലും ഇല്ലെന്നാണ് റിപ്പോർട്ട്. സമീപത്തെ ഒരു സൂപ്പർമാർക്കറ്റിലെ ശൗചാലയം ഉപയോഗിച്ചാണ് അവർ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. പിണറായി വിജയനും കുടുംബവും ഇപ്പോൾ തലസ്ഥാനത്ത് താമസിക്കുമ്പോഴും പൂട്ടിയിട്ട വീട്ടിന് മുന്നിലെ റെസിഡന്റ് ഡ്യൂട്ടി തുടരുകയാണ്. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷം പ്രതിപക്ഷ നേതാവായിട്ടും സുരക്ഷാ സംവിധാനം തുടരുന്നതായി വിവരം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഈ സാഹചര്യത്തിൽ ഉയരുന്നുണ്ട്.






