മലപ്പുറം: എസ്ഡിപിഐ നേതാവിനൊപ്പമെന്ന തരത്തിൽ പ്രചരിച്ച സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻയുടെ വീഡിയോ സംബന്ധിച്ച് വിശദീകരണവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് സിപിഎം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്ന് പാർട്ടി അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ എസ്ഡിപിഐയുടെ ഒരു പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപ ഹാളിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്ന് സിപിഎം വിശദീകരിച്ചു. വസ്തുതകൾ പരിശോധിക്കാതെയാണ് ചില മാധ്യമങ്ങൾ ഇത് വാർത്തയാക്കിയതെന്നും പാർട്ടി ആരോപിച്ചു. പാർട്ടി നേതാക്കളെ ലക്ഷ്യമിട്ട് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങളെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് എ. വിജയരാഘവൻ എന്നും പാർട്ടി വ്യക്തമാക്കി. മതനിരപേക്ഷ നിലപാടിന്റെ പേരിൽ സംഘപരിവാറും മുസ്ലിം മതതീവ്രവാദ സംഘടനകളും ഒരേസമയം അദ്ദേഹത്തെ ആക്രമിക്കാറുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തി വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ പാർട്ടി തള്ളിക്കളയുന്നതായും പ്രസ്താവനയിൽ പറയുന്നു.






