കാസർകോട്: പള്ളിക്കര പൂച്ചക്കാടിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്. മംഗളൂരു-കൊയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു. നീലേശ്വരം ആലിക്കീഴ് സ്വദേശിനി അനിതയ്ക്കാണ് കണ്ണിന് താഴെ പരിക്കേറ്റത്.
ട്രെയിനിന്റെ മധ്യഭാഗത്തുള്ള കംപാർട്ടുമെന്റിൽ ഇരിക്കുകയായിരുന്ന അനിതയുടെ സമീപത്തേക്കാണ് കല്ല് തെറിച്ചെത്തിയത്. ജനൽ കമ്പിയിൽ തട്ടി തിരിച്ചുകയറിയ കല്ല് മുഖത്ത് പതിച്ചതോടെ ധരിച്ചിരുന്ന കണ്ണട പൊട്ടി ചിതറുകയും വലത് കണ്ണിന് താഴെ മുറിവേൽക്കുകയും ചെയ്തു.
പരിക്കേറ്റ അനിതയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് റെയിൽവേ എസ്.ഐ. സി.എസ്. സനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.






