കണ്ണൂർ: സംസ്ഥാനത്ത് നിലവിൽ പവർ കട്ട് ഇല്ലെന്നും പവർ ഫെയിലിയർ മാത്രമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തടസ്സങ്ങൾ സംഭവിക്കുന്നതെന്നും, ഇതിന് കുറച്ച് ദിവസം കൂടി തുടർച്ച ഉണ്ടാകാമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു.
സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുൻപ് ഉയർന്ന വൈദ്യുതി ഉപഭോഗവും സാങ്കേതിക പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മുൻ വൈദ്യുതി മന്ത്രിയുടെ വിശദീകരണം.
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കേണ്ടതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രണ്ട് ചുമതലകളും ഒരാൾ വഹിക്കുന്നതിനേക്കാൾ വേറൊരാൾ വരുന്നത് ഉചിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രത്തൻ ഖേൽക്കറിന്റെ നിയമനത്തിൽ രാഷ്ട്രീയമില്ല എന്നും, അദ്ദേഹം കാര്യക്ഷമനായ ഉദ്യോഗസ്ഥനാണെന്നും മന്ത്രി വ്യക്തമാക്കി.






