കുവൈത്ത് സിറ്റി: തീപ്പെട്ടി, ലൈറ്റർ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ കുട്ടികളുടെ കൈവശം എത്താതിരിക്കണമെന്ന് കുവൈത്ത് അഗ്നിശമന വിഭാഗത്തിന്റെ മുന്നറിയിപ്പ്. വൈദ്യുതോപകരണങ്ങളും ചൂട് ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കരുതെന്ന് സേനയുടെ പൊതുസമ്പർക്ക വിഭാഗം മേധാവി മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. തീയും വൈദ്യുതോപകരണങ്ങളും ഉപയോഗിച്ച് കുട്ടികൾ കളിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിലെ അഗ്നിസുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വൈദ്യുതി ലൈനുകളിൽ അമിതഭാരം ഉണ്ടാകുന്നത് ഒഴിവാക്കണം. നിലവാരമില്ലാത്ത എക്സ്റ്റൻഷൻ വയറുകൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഒരേ പ്ലഗിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും ഇടയാക്കാമെന്നും വ്യക്തമാക്കി.
വീടുകളിൽ പുക കണ്ടെത്തുന്ന ഉപകരണങ്ങളും ഫയർ എക്സ്റ്റിങ്ഷറുകളും നിർബന്ധമായും സ്ഥാപിക്കണം. അപകടമുണ്ടായാൽ അടിയന്തര നമ്പറായ 112-ൽ ഉടൻ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. കുടുംബതലത്തിലുള്ള ജാഗ്രതയും സുരക്ഷാബോധവുമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് മുഹമ്മദ് അൽ ഗരീബ് കൂട്ടിച്ചേർത്തു.






