ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എഐസിസി ദേശീയ നേതാക്കളുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം വിവിധ ഘട്ടങ്ങളിലായി ചർച്ച നടത്തി.
രാവിലെ 9 മണിയോടെയാണ് വി.ഡി. സതീശൻ ആദ്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വി.ഡി. സതീശനും യുഡിഎഫിനും എല്ലാ വിധ ആശംസകളും നേരുന്നു. കേരളത്തിൽ സാഹോദര്യത്തിലും സാമൂഹിക പുരോഗതിയിലും ജനകീയ രാഷ്ട്രീയത്തിലും അധിഷ്ഠിതമായ ഭരണം പുതിയ സർക്കാരിന് നടപ്പാക്കാൻ കഴിയട്ടെ, എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന.






