കൊളംബോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ശ്രീലങ്കയിലെ മുതിർന്ന ബുദ്ധ സന്യാസി പല്ലേഗമ ഹേമരതനയ്ക്ക് ജാമ്യം ലഭിച്ചു. മേയ് 14-നാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അനുരാധപുരയിലെ അഷ്ടമസ്ഥാന പുരോഹിതനായ 71കാരനായ സന്യാസിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പെൺകുട്ടിയുടെ അമ്മയെയും ഒത്താശ ചെയ്തെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കും കോടതി ജാമ്യം അനുവദിച്ചു.
അനുരാധപുരയിലെ ക്ഷേത്രപരിസരത്ത് വെച്ച് 2022-ൽ, അന്ന് 11 വയസായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോൾ 15 വയസുള്ള പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ മാർച്ചിലാണ് പുറത്തുവന്നത്. തുടർന്ന് ദേശീയ ശിശു സംരക്ഷണ അതോറിറ്റി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
അറസ്റ്റിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പല്ലേഗമ ഹേമരതന എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും.
ശ്രീലങ്കയിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധ സന്യാസിമാരിൽ ഒരാളായ പല്ലേഗമ ഹേമരതന അനുരാധപുരയിലെ പ്രധാന ബുദ്ധക്ഷേത്രങ്ങളുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും മുഖ്യ സൂക്ഷിപ്പുകാരനാണ്. സംഭവത്തെ തുടർന്ന് ശ്രീലങ്കയിൽ വ്യാപക പ്രതിഷേധവും ചർച്ചകളും ഉയർന്നിരുന്നു.






