നീണ്ട തർക്കങ്ങൾക്കൊടുവിൽ മെയ് 14ന് വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് തീരുമാനിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണി മാധ്യമങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നു. ‘ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാകുമെന്ന് പ്രതീക്ഷിക്കരുത്. മുണ്ടുമുറുക്കിയുടുക്കണം. കുറച്ച് കയ്‌പുനീർ കുടിക്കേണ്ടിവരും. കേരളം പാപ്പരാണ്.’ നിയുക്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഈ പ്രസ്‌താവന വോട്ട് ചെയ്‌തവർക്കുള്ള ഒരു സന്ദേശമായിരുന്നു. ഇതേ പ്രസംഗം എ കെ ആന്റണി മുമ്പും നടത്തിയിട്ടുണ്ട് 2001ൽ മുഖ്യമന്ത്രിയായ സമയം. കാലം മാറിയതും കേരളം വികസിച്ചതും അറിയാതെയല്ല ആന്റണിയുടെ വാക്കുകൾ. കൂടുതലൊന്നും പ്രതീക്ഷിക്കരുത് എന്ന മുന്നറിയിപ്പാണ്. തെരഞ്ഞെടുപ്പുവേളയിൽ വോട്ട് നേടാനായി ജനങ്ങൾക്കുമുന്നിൽ വച്ച ഇന്ദിര ഗ്യാരന്റി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനാകില്ല എന്നതിന്റെ മുൻകൂർജാമ്യമെടുക്കലായിരുന്നു ആന്റണിയുടെ വാക്കുകൾ. അല്ലെങ്കിലും പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയ ചരിത്രം മുൻപും കോൺഗ്രസ് സർക്കാരുകൾക്കുണ്ടായിട്ടില്ല.
ഇപ്പോഴിതാ, അഞ്ചുലക്ഷത്തിലധികം കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം സഫലമാക്കിയ ലൈഫ് പദ്ധതി അട്ടിമറിക്കാൻ ഒരുങ്ങുകയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഫ് സർക്കാർ. ലൈഫ് പൂർണമായി നിർത്തി സർക്കാർ ഉത്തരവാദിത്വമൊഴിയുകയാണ്. അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാക്കാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്, 20 ലക്ഷത്തിലധികം പേര്‍ സ്വന്തം വീടെന്ന അഭിമാന ബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഒരു ലക്ഷത്തിലേറെ വീടുകൾ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബ്രാന്‍ഡിംഗ് ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് ലൈഫ് മിഷനെ അട്ടിമറിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. അതിന്റെ തുടര്‍ച്ചയായി പദ്ധതി തന്നെ ഇല്ലാതാക്കാനാണ് യുഡിഎഫ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ഭവന പദ്ധതികളെല്ലാം സംയോജിപ്പിച്ച് 2017 ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടേയും പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യ വകുപ്പുകളുടെയും ഭവന നിര്‍മാണ പദ്ധതികള്‍ എല്ലാം സംയോജിപ്പിച്ചാണ് ലൈഫ് മിഷന് കീഴില്‍ ഒറ്റ പദ്ധതിയാക്കി മാറ്റിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് മിഷന്‍ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിച്ച് തദ്ദേശസ്ഥാപനങ്ങളുടേയും ഗ്രാമസഭകളുടെയും അധികാരം കവര്‍ന്നുവെന്ന വിമര്‍ശനമുണ്ടായിരുന്നു. മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന്‍ വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ് പൂര്‍ത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക ഏറ്റവുമധികം ആളുകള്‍ക്ക് നല്‍കിയതും കേരളമാണ്. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ 6 ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നല്‍കുന്നത്. എൽഡിഎഫ് സർക്കാർ കൃത്യമായ പൊതുമാനദണ്ഡവും മുൻഗണനാക്രമവും നിശ്ചയിച്ചാണ് വീട് നൽകിയത്. തദ്ദേശസ്ഥാപനങ്ങൾ ഗുണഭോക്താക്കളെ കണ്ടെത്തി ഗ്രാമസഭയിൽ കരടുപട്ടിക വച്ചാണ് അംഗീകരിച്ചത്. അർഹരായവർക്ക് വേർതിരിവില്ലാതെ വീട് ലഭിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് ലൈഫ് വിഹിതവും വായ്‌പയുടെ പലിശയും പിണറായി സർക്കാർ നൽകി.




