തിരുവനന്തപുരം: കോക്റോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളര്‍ന്നു വരുമോ എന്ന ആശങ്കയാണ് ഇതു വെളിപ്പെടുത്തുന്നത്. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പിണറായി ചോദിക്കുന്നു.
തൊഴില്‍ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഇതില്‍ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്. ”പാറ്റകള്‍” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതില്‍ കാണാവുന്നതാണ് എന്നും പിണറായി പറയുന്നു.






