ഗുരുവായൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ 6.40ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിലെത്തിയ അദ്ദേഹം ആദ്യം റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. താലിക്കെട്ട് കഴിഞ്ഞ ശേഷം വധൂവരൻമാരെ ആശീർവദിച്ചും ഫോട്ടോ എടുത്തും കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് പോയത്. രാവിലെ 6.50നായിരുന്നു ക്ഷേത്രപ്രവേശനം.
ക്ഷേത്രത്തിൽ ശീവേലി നടക്കുന്നതിനിടെയായിരുന്നു ദർശനം. സോപാനത്തിന് മുന്നിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിച്ച അദ്ദേഹം ദർശനത്തിന് ശേഷം വെണ്ണയും തീർഥവും കൊണ്ട് തുലാഭാരവും നടത്തി. രാവിലെ 7.35ഓടെ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ വി.ഡി. സതീശൻ കിഴക്കേ നടയിലെ ഗണപതിക്ക് നാളികേരം ഉടച്ച് പ്രാർത്ഥനയും നടത്തി.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ചെയർമാൻ വി.കെ. ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ക്ഷേത്രത്തിനകത്തും പുറത്തും എത്തിയ ഭക്തർ ആർപ്പുവിളിയും കരഘോഷവും മുഴക്കിയാണ് വി.ഡി. സതീശനെ വരവേറ്റത്.






