കോഴിക്കോട്: 2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിക്കാൻ നീക്കം. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയിൽ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പാറക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിനുള്ള നീക്കം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചതാണെങ്കിലും രണ്ടുവർഷത്തോളം നീണ്ട അന്വേഷണത്തിൽ സ്‌ക്രീൻഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫൊറൻസിക് റിപ്പോർട്ട് വരാനുണ്ട്. സി.പി.എമ്മാണ് സ്‌ക്രീൻഷോട്ടിന് പിന്നിലെന്നാണ് യു.ഡി.എഫ്. നേതാക്കളുടെ ആരോപണം. പ്രതികളിലേക്ക് എത്തുന്ന രീതിയിലായിരുന്നില്ല അന്വേഷണമെന്നും യു.ഡി.എഫ്. നേതാക്കൾ പറയുന്നു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം. തുടർന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയിൽ എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.
പക്ഷേ, കാസിമിന്റെ േഫാൺ ഇതുവരെ പോലീസ് തിരിച്ചുകൊടുത്തിട്ടില്ല. കേസ് നിലനിൽക്കുന്നതിനാൽ പാസ്‌പോർട്ട് പുതുക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.
ഇടത് സൈബർ പോരാളികളായ പോരാളി ഷാജി അഡ്മിൻ വഹാബ്, അമ്പാടിമുക്ക് സഖാക്കൾ പേജിന്റെ അഡ്മിൻ മനീഷ്, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ്‌ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് എന്നിവർ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെപേരിൽ കേസെടുക്കണമെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്േട്രറ്റ് കോടതിയിൽ ഏപ്രിലിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. എന്നാൽ, ഫൊറൻസിക് റിപ്പോർട്ട് കിട്ടുന്നമുറയ്ക്ക് വീണ്ടും കോടതിയിൽ അപേക്ഷനൽകി പുനരന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.






