തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് യുഡിഎഫ് സർക്കാർ ചുമതലയേറ്റ സമയത്ത് സംസ്ഥാന ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധനവകുപ്പിന്റെ വിവരാവകാശ രേഖ. ഈ മാസം ഒന്നുവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
വിവരാവകാശ മറുപടിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
കേരളം സാമ്പത്തികമായി തകർന്ന സംസ്ഥാനമാണെന്ന എ കെ ആന്റണിയുടെ പരാമർശം നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു.
ഇതിനിടെ, ഖജനാവ് കാലിയാണെന്ന ആരോപണം പി എം എ സലാമും ഉന്നയിച്ചിരുന്നു. എന്നാൽ മുൻ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഖജനാവ് കാലിയല്ലെന്നും ഏകദേശം 6000 കോടി രൂപ ബാക്കി വെച്ചാണ് സർക്കാർ അധികാരം ഒഴിഞ്ഞതെന്നും പ്രതികരിച്ചു. സർക്കാർ പദ്ധതികളും ഗ്യാരണ്ടികളും നടപ്പാക്കാൻ സാധിക്കുന്നത് ഖജനാവിൽ പണമുണ്ടായിരുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.






