ന്യൂഡൽഹി: മസ്തിഷ്കാഘാതത്തെ തുടർന്ന് കിടപ്പിലായ ഭാര്യാസഹോദരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ശുശ്രൂഷിക്കാനെന്ന പേരിൽ കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാൾ 1.48 ലക്ഷം രൂപ തട്ടിയെടുത്തത്.
26കാരനായ ശുഭം ജെയിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി മുതൽ ബുരാരിയിൽ അളിയനും കുടുംബത്തിനുമൊപ്പമാണ് ശുഭം താമസിച്ചിരുന്നത്.
ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി കാണിച്ച് റോഹൻ അഗർവാൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബുരാരിയിൽ ട്യൂഷൻ സെന്റർ നടത്തിയിരുന്ന റോഹൻ അഗർവാളിന് ലഭിക്കുന്ന പണം അമ്മയുടെ അക്കൗണ്ടിലേക്കായിരുന്നു നിക്ഷേപിച്ചിരുന്നത്.
സംശയം തോന്നി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1,48,626 രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ അദം ജീത് സിങ് എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഈ തുക ശുഭം ജെയിന്റെ അക്കൗണ്ടിലെത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
ഇരുവരും തമ്മിൽ സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മെയ് 20നാണ് ശുഭം ജെയിനെ അറസ്റ്റ് ചെയ്തത്.






