കൊച്ചി: മോഷണം പലതരത്തിലുണ്ടെങ്കിലും പറവൂർ കോട്ടുവള്ളി-ചെറിയപ്പിള്ളി മേഖലയിലെ കടകളിൽ നടക്കുന്ന മോഷണങ്ങൾ വ്യത്യസ്ത ശ്രദ്ധ നേടുകയാണ്. പണം ലക്ഷ്യമാക്കാതെ പലചരക്ക് സാധനങ്ങളാണ് ഇവിടെ വ്യാപകമായി മോഷണം പോകുന്നത്. പൊതിച്ച തേങ്ങ, സിഗരറ്റ്, ബീഡി, ടൂത്ത് പേസ്റ്റ്, ചിപ്സ് തുടങ്ങിയവയാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചെറിയപ്പിള്ളിയിലെ ഷിബു ചെത്തിക്കാടന്റെ പലചരക്ക് കട കുത്തിത്തുറന്ന് ഏകദേശം 8000 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു. രണ്ട് ദിവസം മുൻപ് സമീപത്തെ ചായക്കടയിൽ നിന്നും ചിപ്സും മോഷണം പോയിരുന്നു. ഇതിനുമുമ്പ് ചെറിയപ്പിള്ളി ജങ്ഷനിലെ പച്ചക്കറി കടയിൽ നിന്ന് രണ്ട് തവണയായി ചാക്കിലാക്കി സൂക്ഷിച്ചിരുന്ന പൊതിച്ച തേങ്ങകളും മോഷ്ടിക്കപ്പെട്ടിരുന്നു.
ദേശീയപാത നിർമാണം നടക്കുന്ന ചെറിയപ്പിള്ളി മേൽപ്പാലത്തിന് സമീപം ചെറിയ കുട്ടികളും യുവാക്കളും സ്ഥിരമായി എത്താറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വാഹനങ്ങൾ എത്തിപ്പെടാൻ പ്രയാസമുള്ള ഭാഗങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന നടക്കുന്നതായി സംശയമുണ്ടെന്നും അവർ ആരോപിക്കുന്നു.
സംഭവങ്ങളിൽ പൊലീസ് അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് പരിശോധന ശക്തമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും അപരിചിതരാണെന്നതും പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നുണ്ട്.






