അമൃത്സർ: പഞ്ചാബിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ജോഗ സിങിന് നേരെ ആക്രമണം ഉണ്ടായത്.
അമൃത്സറിലെ ട്രാഫിക് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ജോഗ സിങ് ഇന്ന് രാവിലെ അമൃത്സർ റൂറലിലെ ഹംസ ഗ്രാമത്തിന് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഒന്നിലധികം വെടിയേറ്റതിനെ തുടർന്ന് അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമോ ആസൂത്രിതമായ നീക്കമോ ഉണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം തുടരുകയാണ്.






