കൊച്ചി: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തായി ഉദീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ കനത്ത വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. നടപടി മതേതര കേരളത്തിനെതിരായ വെല്ലുവിളിയാണെന്നാണ് ദീപികയുടെ കുറ്റപ്പെടുത്തൽ. വഖഫ് ബോർഡിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും കോൺഗ്രസിനെയും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്.
’തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിൻറെ പങ്ക് ചരിത്രത്തിലുണ്ടാകും’ എന്ന രൂക്ഷ വിമർശനവും വഖഫ് ബോർഡിനെതിരെ എഡിറ്റോറിയൽ ഉന്നയിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം പത്തു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പഴയ പ്രസ്താവനയും ഓർമപ്പെടുത്തിയാണ് ദീപികയുടെ വിമർശനം. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.
‘കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രി തന്നെ പറഞ്ഞത്, ‘സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്’ എന്നാണ്. അതേ അവസ്ഥയിലാണ് മുനമ്പത്തെ മനുഷ്യർ. മുനമ്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ? സർക്കാരിൻറെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിൻറെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?’ എന്നും എഡിറ്റോറിൽ ചോദിക്കുന്നുണ്ട്.






