തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എന് ഷംസുദ്ദീന് അറിയിച്ചു. പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും മെയ് 30-നകം സ്കൂളുകളിൽ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിൽ സീറ്റുകളുടെ കുറവ് ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി സമ്മതിച്ചു. മാർജിനൽ സീറ്റ് വർധന ഉൾപ്പെടെ പരിഗണിച്ച ശേഷം അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നുതന്നെ പ്രവേശന നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു.
CBSE പരീക്ഷാഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മന്ത്രി പ്രതികരിച്ചു. മൂല്യനിർണയത്തിൽ അശ്രദ്ധയും ജാഗ്രത കുറവും ഉണ്ടായതായും, വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനർമൂല്യനിർണയത്തിനുള്ള സമയം നീട്ടണമെന്നും ഫീസ് ഭാരം കുറക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
ഇതിനായി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള സാങ്കേതിക പ്രശ്നങ്ങൾ വിദ്യാർത്ഥികളെ ബാധിച്ചുവെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഭിന്നതയും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയിൽ ഒപ്പിട്ടത് മുൻ സർക്കാർ കാലത്താണെന്നും നിലവിലെ സാഹചര്യത്തിൽ നിയമപരമായ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് സ്വീകരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ സങ്കീർണ്ണമാണെന്നും വിശദമായ നിയമോപദേശം തേടുമെന്നും അറിയിച്ചു.






