കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മധുവിന്റെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. എസ്.സി- എസ്.ടി നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയാണ് ശിക്ഷ വർധിപ്പിച്ചത്.
മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം, ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും കോടതി വിധിച്ചു. 2018-ലാണ് അട്ടപ്പാടി മുക്കാലിയിൽ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. സംഭവം സംസ്ഥാനത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.






