മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി മറ്റൊരു സംഭവം കൂടി. ഐപിഎല്ലിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോലിയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ട്രാവിസ് ഹെഡും തമ്മില്‍ ഉരസിയതിന് പിന്നാലെ ഹെഡിന്റെ ഭാര്യക്കും കുടുംബത്തിനും വരെ ഇന്ത്യന്‍ ആരാധകരുടെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ ഹെഡിന്റെ ഭാര്യ ജെസീക്ക ഹെഡിനെതിരെ മോശം പ്രയോഗങ്ങള്‍ നടത്തുകയായിരുന്നു ആരാധകര്‍. ഇതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. താരങ്ങള്‍ക്കും കുടുംബമുണ്ടെന്ന് മനസിലാക്കണം എന്ന് പറഞ്ഞ് ഹെഡിന്റെ ഭാര്യ തന്നെ രംഗത്തെത്തി.
ഇതാദ്യമല്ല, ജെസീക്ക ഹെഡ് ഇന്ത്യന്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം നേരിടുന്നത്. 2023-ല്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയുടെ ക്യാച്ച് ട്രാവിസ് ഹെഡ് എടുത്തതിന് പിന്നാലെയും സമാനമായ സൈബര്‍ ആക്രമണം ജെസീക്ക നേരിട്ടിരുന്നു.






