ആലപ്പുഴ: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ വെന്റിലേറ്റർ വഴിയായി പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ ആശുപത്രി ജീവനക്കാർ സമയോചിതമായി രക്ഷപ്പെടുത്തി.
ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. വിദ്യാർഥിനി ശൗചാലയത്തിൽ കയറിയതിന് പിന്നാലെ പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ ഡോക്ടർമാർക്കും ജീവനക്കാർക്കും സംശയം തോന്നി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ ആശുപത്രി പരിസരത്ത് കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ടിഷ, ഡോ. ആൽഫി, നഴ്‌സിംഗ് ഓഫീസർ ജിഷ, നഴ്‌സിങ് അസിസ്റ്റൻമാരായ അനിൽ, റെജീന എന്നിവർ ഉടൻ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.
കുഞ്ഞ് വീണ സ്ഥലം അപകടസാധ്യതയുള്ള ഭാഗമായിരുന്നു. അവിടെ കല്ലുകളും കമ്പികളും കിടന്നിരുന്നതോടൊപ്പം തെരുവുനായ്ക്കളും ഉണ്ടായിരുന്നതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. കുറച്ച് വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു.
ഡോക്ടർമാർ നൽകിയ വിവരമനുസരിച്ച് പെൺകുഞ്ഞിന് പരിക്കുകളൊന്നുമില്ല. കുഞ്ഞും അമ്മയും ആരോഗ്യസ്ഥിതിയിൽ കഴിയുന്നുവെന്നും ഇരുവർക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും അറിയിച്ചു.






