ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി നടനും മുഖ്യമന്ത്രിയുമായ വിജയ്. കർഷകർക്കും സിനിമാ മേഖലയ്ക്കും ഗുണകരമായ നിരവധി പ്രഖ്യാപനങ്ങളാണ് സർക്കാർ പുറത്തിറക്കിയത്.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളാൻ തീരുമാനിച്ചു. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ള കർഷകർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. കർഷകർക്ക് ആശ്വാസമായി നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 3,500 രൂപയാക്കി ഉയർത്തി. കരിമ്പിന് ടണ്ണിന് 4,500 രൂപ താങ്ങുവിലയും നിശ്ചയിച്ചു.
തമിഴ് സിനിമാ മേഖലയ്ക്ക് സഹായകരമായി തിയേറ്ററുകളിലെ സിനിമാ പ്രദർശന സമയവും വർധിപ്പിച്ചു. പുതിയതായി റിലീസ് ചെയ്യുന്ന സിനിമകൾ ആദ്യ ഒരാഴ്ചയിൽ ഒരു തിയേറ്ററിൽ അഞ്ച് പ്രദർശനങ്ങൾ വരെ നടത്താൻ അനുമതി നൽകി. സിനിമാ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനാണ് ഈ തീരുമാനം.
രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിത കർഷക തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. ജനങ്ങളെ സേവിക്കാനാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്നും വിജയ് സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞിരുന്നു. മെയ് 10-നാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടിവികെ പാർട്ടി 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.






