കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയും തള്ളിയിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ കേസ്. ബലാത്സംഗം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി പ്രശോഭ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നുമാണ് മൊഴി.
സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ഡി.സി.സി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.






