കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇതിനായുള്ള അടിയന്തര നീക്കങ്ങള്‍ നടന്നതെന്നാണ് രേഖകളിലെ തിയതികള്‍ സൂചിപ്പിക്കുന്നത്. പുതിയ സര്‍ക്കാരോ മന്ത്രിമാരോ അറിയാതെയാണ് ഈ പോര്‍ട്ടല്‍ അപ്ലോഡിങ് നടന്നിരിക്കുന്നത്.
മെയ് 4നാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ മെയ് 6ന് ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗം, മുതവല്ലിമാര്‍ നേരിട്ട് അപ്ലോഡ് ചെയ്യാത്ത വഖഫ് സ്വത്തുകള്‍ ബോര്‍ഡ് നേരിട്ട് അപ്ലോഡ് ചെയ്യാന്‍ തീരുമാനമെടുത്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരം മെയ് 16നാണ് മുനമ്പം ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് രണ്ടുദിവസം മുമ്പ് തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായി.






