തിരുവനന്തപുരം: പാളയത്ത് എസ്‌എഫ്‌ഐയും കെഎസ്‌യുവും തമ്മിൽ വൻ സംഘർഷം. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുകൂട്ടരും പരസ്പരം കല്ലും കരിങ്കല്ലും എറിഞ്ഞതോടെ സ്ഥിതി നിയന്ത്രണാതീതമായി.
സംഘർഷം തടയാൻ പൊലീസ് ആദ്യം ലാത്തിച്ചാർജ് നടത്തിയെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ജലപീരങ്കിയും പിന്നീട് കണ്ണീർവാതകവും പ്രയോഗിച്ചു. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ തുടർന്നു.
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ആറ് സീറ്റുകളും കെഎസ്‌യു നാല് സീറ്റുകളും നേടിയിരുന്നു. വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഘർഷം ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് ഏകപക്ഷീയമായി എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചുവെന്ന് എ എ റഹീം എംപി ആരോപിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് കല്ലേറിൽ പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന പ്രവർത്തകരെ കെഎസ്‌യു ആക്രമിച്ചുവെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ആരോപിച്ചത്. പൊലീസ് കെഎസ്‌യുവിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്യും പൊലീസിനെതിരെ വിമർശനം ഉയർത്തി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു.






