തൃശ്ശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.
ഞായറാഴ്ചകളിൽ വിഐപികൾക്ക് പ്രത്യേക ദർശനത്തിന് വിലക്കുള്ളപ്പോൾ മുഖ്യമന്ത്രി അത് ലംഘിച്ചാണ് ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 4500 രൂപയുടെ നെയ്വിളക്ക് ശീട്ടെടുത്താണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഭക്തരെ തടഞ്ഞുവെന്ന പ്രചാരണവും ശരിയല്ലെന്ന് ദേവസ്വം വിശദീകരിച്ചു. പായസം കൊണ്ടുപോകുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായി തെക്കേ പ്രദക്ഷിണവഴിയിൽ ഭക്തരെ കുറച്ചുനേരം പ്രവേശിപ്പിച്ചിരുന്നില്ലെന്നും അതേ നിയന്ത്രണം മുഖ്യമന്ത്രിയും പാലിച്ചുവെന്നും അറിയിച്ചു. ക്ഷേത്രത്തിൽ ആരും ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.
ഇതിനിടെ ക്ഷേത്രനടപ്പന്തലിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരണവും റീൽസുകളും എടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ദേവസ്വം ഓർമ്മിപ്പിച്ചു. ക്ഷേത്രാചാരങ്ങളോടും സുരക്ഷയോടും ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
മുൻപും ക്ഷേത്രത്തിനകത്തും ക്ഷേത്രക്കുളത്തിനരികിലും റീൽസ് ചിത്രീകരിച്ചവർക്കെതിരെ ഗുരുവായൂർ ദേവസ്വം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






