എറണാകുളം: താരസംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരൻ ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ നാണക്കേടുണ്ടാക്കുന്നതാണെന്നും ഭരണസമിതി “പരദൂഷണ കമ്മിറ്റി”യായി മാറിയിരിക്കുകയാണെന്നും അവർ വിമർശിച്ചു.
നടി അൻസിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടത് നടൻ ടിനി ടോം ആണെന്നും മല്ലികാ സുകുമാരൻ ആരോപിച്ചു. അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ നീനാ കുറുപ്പ് തെളിവുകൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
സംഘടനയിൽ നടക്കുന്നത് അമിത ധൂർത്തെന്നും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുമ്പോൾ നിർവഹിക്കാനാകാത്ത കാര്യങ്ങൾ തുറന്നുപറയണമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. നിലവിലെ അവസ്ഥയിൽ ‘അമ്മ’യിൽ തുടരാൻ പലർക്കും താൽപര്യമില്ലാത്ത സാഹചര്യമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
“ഇത് താരസംഘടനയാണോ, ഗുണ്ടകളുടെ സംഘടനയാണോ, അപവാദ പ്രചാരണ കേന്ദ്രമാണോ എന്ന് മനസിലാകുന്നില്ല. ഇങ്ങനെ ഒരു നാഥനില്ലാ കളരിയായി സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല,” എന്നാണ് മല്ലികാ സുകുമാരന്റെ വിമർശനം.
പ്രസിഡന്റിന്റെ അറിവില്ലാതെ സെക്രട്ടറിയും മറ്റ് ഭാരവാഹികളും അധികാരം കയ്യാളാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പിഴവാണെന്നും അവർ അഭിപ്രായപ്പെട്ടു. സംഘടനയിലെ പ്രതിസന്ധികൾക്കിടെ മല്ലികാ സുകുമാരന്റെ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.






