ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മജ്ഹോല സ്വദേശി പവനാണ് കൊല്ലപ്പെട്ടത്. പവന്റെ ഭാര്യ ആഞ്ചൽ (24), കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന് ശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ സത്യം പുറത്തുവന്നു. ആഞ്ചലും അങ്കിതും തമ്മിലുള്ള അവിഹിതബന്ധം പവൻ അറിയുകയും അതിനെ തുടർന്ന് വീട്ടിൽ നിരന്തരം വഴക്കുകൾ നടക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ആറുവർഷം മുൻപ് വിവാഹിതരായ പവനും ആഞ്ചലിനും മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. പവനെ കൊലപ്പെടുത്താൻ പ്രതികൾ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയതായും പോലീസ് കണ്ടെത്തി. സംഭവ ദിവസം പവനെ വിഷം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മൂന്നുമണിക്കൂറോളം ഇലക്ട്രിക് ഷോക്ക് നൽകുകയും ചെയ്തു. പിന്നീട് ബലമായി വിഷം നൽകി മരണം ഉറപ്പാക്കി.
മരണത്തെ ആത്മഹത്യയായി തോന്നിക്കാൻ മൃതദേഹം ഗോവണിയിൽ നിന്ന് താഴേക്ക് തള്ളിയിട്ടതായും പോലീസ് പറഞ്ഞു. എന്നാൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി.






