മാനന്തവാടി: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് സഹായവും കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. ജെസിയുടെ ഭർത്താവ് ഷാജിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
മരണാനന്തര ചടങ്ങുകൾക്കായി പതിനായിരം രൂപ സഹായവും കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലിയും സമാനമായ സഹായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അടിയന്തരമായി 5 ലക്ഷം രൂപ നൽകുകയും കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് ജോലി നൽകുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാട്ടാനയെ തുരത്തുന്നതിനും പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഡിഎഫ്ഒ അറിയിച്ചു. ഈ മാസം 30ന് വനം-കൃഷി വകുപ്പുകളുടെ ഉന്നതതല യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജെസിയും ഭർത്താവ് ഷാജിയും രാവിലെ ജോലിക്ക് പോകുന്നതിനിടെ കള്ളാടി ചൂരൽമല റോഡിൽ വെച്ചാണ് കാട്ടാന ആക്രമണം നേരിട്ടത്. സംഭവത്തിൽ ജെസി മരണപ്പെട്ടു, ഷാജിക്ക് പരിക്കേറ്റു.






